2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

മടക്കം



         'ഉള്ള കാശ് വല്ലയിടത്തും ഒളിപ്പിച്ചോ അല്ലെങ്ങി നാട്ടിലെത്തിയാല്‍ പണി പാളും' 
മൊയ്തീന്‍ ആദ്യമേ മുന്നറിയിപ്പ് തന്നിരുന്നു . 
         " ഇല നക്കി പട്ടിയുടെ ചിറിനക്കികള്‍ ഉള്ള സ്ഥലമാ മോനെ ഡിപോര്‍ട്ടേഷന്‍ സെന്‍റെര്‍""""""""'
അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ഒരാഴ്ച മുന്‍പ് തന്നെ തിരശീല വീണിരുന്നു ,  വിസയില്ലാതെ പണി എടുത്തതിനു പിടിച്ചതിനു ശേഷം ഒരാഴ്ച  ഡിപോര്‍ട്ടേഷന്‍ സെന്റെറില്‍ ......കവിളിലെ ചുവപ്പ് മാറിയിട്ട് കയറ്റി വിട്ടാല്‍ മതിയേ എന്നുമാത്രമായിരുന്നു അവിടുത്തെ പ്രാര്‍ത്ഥന.
          അവസാന ഒരു വര്‍ഷമാണ്‌ ഗള്‍ഫ്‌ ജീവിതം  ശരിക്കും  അറിഞ്ഞത്.പക്ഷെ ഒരു രാത്രി ഖത്തര്‍ പോലീസ്  കവിളില്‍ കൈവീശി രണ്ടെണ്ണം പൊട്ടിച്ച് വണ്ടിയില്‍ കയറ്റുമ്പോ എല്ലാവരുടെയും കണ്ണിലെ പകപ്പ് , എന്‍റെ ജീവിതം എന്താകും എന്ന് ആലോചിച്ചുള്ള ആദി അല്ലായിരുന്നു, വിസയില്ലാതെ ഒരാളെ പണിക്കെടുത്തത് കൊണ്ട്  കമ്പനിക്ക് എന്ത് പ്രശ്നം ഉണ്ടാകും എന്നായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, അവരുടെ കൂടെയുള്ള ഒരു വര്‍ഷം മാത്രമാ ജീവിച്ചു എന്ന് പറയാന്‍ പറ്റുന്നത്..ഇങ്ങനെ  ഒരു ദിവസത്തിന് കുറെ ആയി കാത്തിരിക്കുന്നു, വിസയില്ലാത്തവരെ തിരഞ്ഞു പിടിച്ചു നാട് കടത്തുന്ന ദിവസം, പിന്നെ ആ നാട്ടിലേക്ക് പ്രവേശനം ഇല്ല. അതുകൊണ്ട് തന്നെ ഏകദേശം എല്ലാ സാധനങ്ങളും നാട്ടിലേക്ക് പാര്‍സല്‍ ചെയ്തിരുന്നു.  കൈയ്യില്‍ ഒരു ബാഗ്‌ മാത്രം..അല്ലെങ്കിലും എന്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നു ..നട്ടപാതിരക്കു കയറി വന്നിട്ടാണ് വിളിച്ചിറക്കി കവിളില്‍ രണ്ടെണ്ണം പൊട്ടിച്ചത്..
            ട്രെയിന്‍ സ്റ്റെഷനിലേക്ക് അടുക്കുന്നു. ഇനി ഒരു സിഗ്നല്‍ കൂടി കഴിഞ്ഞാല്‍ കോഴിക്കോട്! അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടും  വീടും.. പത്തു മണി കഴിഞ്ഞാല്‍ ഈ നഗരം ഉറങ്ങാന്‍ തുടങ്ങും, എല്ലാ നഗരങ്ങള്‍ക്കും ഉള്ള പോലെ ഒരു രാത്രിലോകം ഇവിടെയും  ഉണ്ടാക്കാം പക്ഷെ പുറത്തു നിന്നും നോക്കിയാല്‍  ഇവിടം വളരെ ശാന്തമാണ്. രാജന്‍ സര്‍ പറയുമായിരുന്നു " അതിന്റെ കാരണം അറിയുമോ പ്രശാന്ത്‌ ? നിങ്ങളുടെ നഗരത്തില്‍ തട്ടുകടകള്‍ കുറവാണ് !" രാജന്‍ സാര്‍ തിരുവനന്തപുരത്ത് പോലീസില്‍ ആയിരുന്നു അതാകാം എല്ലാറ്റിലും ഒരു പോലീസ് കണ്ണ് ... .
          കൈയ്യിലെ ഒരു ചെറിയ ബാഗും എടുത്തു പുറത്തേക്കു നടന്നു, ഇന്നെത്തും എന്ന് വീട്ടിലാര്‍ക്കും അറിയില്ല , അല്ലെങ്ങില്‍ അമ്മ ഉണ്ടാകുമായിരുന്നു,വാതില്‍ക്കല്‍ തന്നെ , ചോറ് ചൂടാക്കണോ ചപ്പാത്തി മതിയോ എന്നൊക്കെ ചോദിച്ച്... അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഈ നഗരത്തിനു വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല. ഇവിടെ ഈ ബസ് സ്റ്റോപ്പില്‍ ഒരുപാട് വായിനോക്കി ഇരുന്ന ഒരു കാലം മനസിലേക്ക് ഓടി വരുന്നു. പതിയെ അവിടെ കുറച്ച് ഇരുന്നു. ഇനി ഇവിടുന്ന് ഒരു മുപ്പതു മിനിറ്റ് നടന്നാല്‍ വീട്ടിലെത്താം, ഓട്ടോക്ക് ഒരു അഞ്ചു മിനിട്ടില്ല പക്ഷെ ഇനി കൈയിലുള്ള പണം ഒന്നിനും തികയില്ല ... പാതയോരത്ത് ശാന്തരായി കിടന്നുറങ്ങുന്ന ഒരുപാട് പേര്‍, സ്വയം ചിരിച്ചു പോയി, വളരെ പെട്ടെന്ന്‍ തന്നെ പഴയ സ്വഭാവം തലപോക്കിയിരിക്കുന്നു, മറ്റുള്ളവരുടെ കാര്യം ഗണിച്ചു പറയുക , അമ്മ പറയുമായിരുന്നു " നീ ഉള്ള കാലത്ത് ജ്യോത്സം പഠിച്ചിരുന്നെങ്ങില്‍, ഇപ്പോ നന്നായേനെ " ഇതേ പോലെ കുറച്ച് കാലം ഞാനും കിടന്നതല്ലേ എന്ന് പെട്ടെന്ന് മനസിലേക്ക് കയറി വന്നു ...
         ഇടവഴിലൂടെ നടക്കുമ്പോ വെറുതെ ചുറ്റും നോക്കി, പണ്ടൊക്കെ ഈ വഴിയിലൂടെ ഏത് രാത്രിയില്‍ നടന്നു വരുമ്പോളും "പ്രശാന്തേ എന്തേ നേരം വൈകിയോ " എന്നുള്ള  ചോദ്യം എവിടുന്നോക്കൊയോ കേള്‍ക്കാമായിരുന്നു.. നാടിന്റെ നന്മ!. അഞ്ചു കൊല്ലം കൊണ്ട് ആരോക്കൊയോ പോയി , മീന്‍കാരന്‍ കോയ, പച്ചക്കറിക്കാരന്‍ പരമുനായര്‍ ഇങ്ങനെ ഓരോരുത്തര്‍.... അമ്മയുടെ ഓരോ കത്തും ഇങ്ങനെ ഓരോ വിശേഷങ്ങളും ആയാണ് എത്താറുള്ളത്..രാജന്‍ സാര്‍ പറയുന്ന പോലെ " ഇപ്പോ ഹായ് ഹലോ  എന്ന് പറയുന്ന ബന്ധമേ ഉള്ളു, സമയമില്ല ആര്‍ക്കും " അന്നത് കേട്ട് ചിരിച്ചിരുന്നു  എന്റെ അടുത്തുള്ളത് അത് മാത്രമാണല്ലോ  അന്ന് മാത്രമല്ല ഇന്നും..പക്ഷെ ഇന്ന് മുന്നില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍  രാജന്‍ സാറിന്റെ ആ വാക്കുകള്‍ ആയിരുന്നു  ചെവിയില്‍ മുഴങ്ങിയത് ... പതിവില്ലാത്തവിധം  അതിനെന്തോക്കൊയോ അര്‍ത്ഥാന്തരങ്ങള്‍ ഉള്ളപോലെ .....
       
       
    



1 അഭിപ്രായം: