2012, നവംബർ 9, വെള്ളിയാഴ്‌ച

" ഭഗോതി ചാത്തന്‍ "


 മത്താപ്പ് കോയ ! 
കേള്‍ക്കുമ്പോ  ഒരു "ഇത്" ഇല്ലെ ? നാട്ടിന്‍ പുറത്തെ ഓല മറച്ച ചായക്കടയുടെ , കാലു  പൊട്ടിയ ബെഞ്ചില്‍ ഇരിക്കുന്ന  ഓരോരുത്തരുടെയും പേര് കേട്ടാല്‍  ഇങ്ങനെ  ഒരിത് ഉണ്ടാകും. ബോണ്ട കുഞ്ഞാപ്പു , വെല്യച്ചന്‍ ,ഇങ്ങനെ  ഇങ്ങനെ  ഒരു പാട്  ഇരട്ട പേരുകളിലൂടെ ആണ്  ഞങ്ങളുടെ നാട് പരസ്പരം അറിയുന്നത് . പക്ഷെ " ഭഗോതി ചാത്തന്‍ " എന്ന് കേള്‍ക്കുമ്പോ സുഖം ഒന്ന് വേറെ തന്നെ ആണ്.
        ഭഗോതി  എന്ന്  വലിയവര്‍   നേരിട്ടും ഞങ്ങള്‍ കുട്ടികള്‍  ഒളിച്ചുംതെളിച്ചും  വിളിക്കുന്ന  സാക്ഷാല്‍ ചാത്തന്‍ ഒരു തെങ്ങ് കയറ്റകാരന്‍ ആണ്.. ഏറ്റുകാരന്‍  എന്ന് ഞങ്ങള്‍ പൊതുവേ പറയും. ചാത്തെട്ടന്റെ  കൂടെ  ഭഗവതി  വന്നത് ഒരു കഥയാണ്‌ ,   മീന്‍ പിടിക്കാന്‍  പോകുക എന്നത് എന്‍റെ നാട്ടിലെ  ഒരു വിനോദമാണ്‌ എല്ലാവരും  ജോലി ഇല്ലാത്ത ദിവസം  മീന്‍ പിടിക്കാന്‍ പോകുമ്പോ ഞങ്ങളുടെ ബോണ്ടയും മത്താപ്പും ജോലി ഒഴിവാക്കി പോകും എന്നെ  ഉള്ളു വ്യത്യാസം, ആര് കൂടുതല്‍ മീന്‍ പിടിച്ചു എന്നുള്ളതിന് ഒരു കിട മത്സരം തന്നെ അവരുടെ ഇടയില്‍ ഉണ്ട് . 
       പതിവ് പോലെ ഉള്ള എല്ലാ ജോലിയും  നാളേക്ക് മാറ്റി വെച്ച്   വലയും എടുത്തു, "എടിയെ മോളകരച്ചു  വെച്ചോ ഞാം വേം വരാം " എന്ന് പറഞ്ഞു ,പോകുന്ന വഴി കള്ളുഷാപ്പില്‍ കയറി ഒരു കുപ്പി കഴിച്ചു വരുമ്പോ മീന്‍ തന്നു കടം വീട്ടാം  എന്ന ഉറപ്പും കൊടുത്തു ചാത്തെട്ടന്‍ ഇറങ്ങി.                പതിവുപോലെ കൂടെ കൂടിയവരോടെല്ലാം പഴയ വീര കഥകളുടെ കെട്ടും അഴിച്ചാണ് യാത്ര. പോകുന്ന  വഴിക്കാണ്  യശോധയുടെ മകനെ വലയുമായി കാണുന്നത്. 
"ഡാ ചെറുതെ, ഇന്ന്‍  യ്യ്  വന്നിട്ട് , ഒരു കാര്യോം എല്ലാ ചാത്തെട്ടന്റെ  കൂട്യേ മീന്‍ പോരു "
 അത് പറഞ്ഞ  ആളെ ചാത്തെട്ടന്‍ കാര്യമായി ഒന്ന്  നോക്കി "ഇന്ന്, എന്‍റെ വക ഒരു പാതി മീന്‍  നിനക്കും" എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം. യശോദയുടെ ചെക്കനെ കാണുമ്പോള്‍ ചാത്തെട്ടന് വികാര വിക്ഷോഭം ഉണ്ടാകും എന്നൊരു കഥ, കഥയായി തന്നെ  ആണോ  എന്നറിയില്ല ഇതിനുള്ളില്‍ മറഞ്ഞു കിടക്കുന്നുണ്ട് . 
       എല്ലാ ദിവസത്തെയും പോലെ  ചതെട്ടന്റെ വലയില്‍ മീന്‍  കയറുന്നില്ല !, യശോദയുടെ ചെക്കന്റെ ഓരോ വീശലിനും വല നിറയെ മീനും , വലിച്ചു കയറ്റുന്ന ഓരൊ വലയും ചാതെട്ടന്റെ ആത്മവിശ്വാസം കുറക്കാന്‍ തുടങ്ങി
.."ഒരു ചെറിയ പരല്  പോലും ഇല്ലല്ലോ ചാത്താ" 
എന്നൊരു തട്ടും ആരോ ഇറക്കി...
ചാതെട്ടന്‍ ഒറ്റ കാലില്‍ നിന്ന് ഒരു ഓഫര്‍ കൊടുത്തു ഭഗവതിക്ക് 

 " ന്റെ ഭഗവത്യെ , ഈ വാലേല്‍ മീന്‍ ഉണ്ടെങ്ങി, അനക്ക് വെളക്ക് വെക്കാന്‍ കാവിലേക്ക്  നൂറു എണ്ണ എന്‍റെ വക " 

എല്ലാവരേം ഒന്ന് നോക്കി ചാതേട്ടന്‍  വല എറിഞ്ഞു ...വലിച്ചു നോക്കിയ വലയില്‍ ഒരു കരിയില പോലും ഇല്ല .ആകെ ഉള്ളത് ഒരു ചെറിയ പരല്‍ മീന്‍ മാത്രം ഉച്ച വെയിലില്‍ അത് കിടന്നു തിളങ്ങി 
" അതിനെ എടുത്തു കാണിക്കാന്‍ ആകും വല എത്ര വൃത്തിയാക്കി വച്ചത് അല്ലെ ചാത്താ, ഭഗവതിക്ക് കൊടുത്താല്‍  പിഴക്കില്ല " 
ചാതെട്ടന്‍  പരല്‍  മീനിനെ  എടുത്തു വാലില്‍ പൊക്കി പിടിച്ചു ,  അവസാന ശ്വാസത്തിന് മുറവിളി കൂട്ടുകയാണ് മീന്‍ . മീനിനെ ചതെട്ടന്‍ തിരിച്ചും മറിച്ചും നോക്കി 

"ന്‍റെ ഭാഗോത്യെ , ഇതിപ്പോ നൂറു എണ്ണ വാങ്ങ്യ നഷ്ടാണല്ലോ"...
ഇതു പറഞ്ഞതും മീന്‍ ഒന്ന് പിടച്ച് തിരികെ വെള്ളത്തിലേക്ക്    വീണതും ഞൊടി ഇട കൊണ്ടായിരുന്നു.

"ന്‍റെ   ഭാഗവത്യെ വന്നു വന്ന് അന്നോടൊരു  തമാശയും പറയാന്‍ വയ്യാണ്ടായോ " 
ഇതായിരുന്നത്രേ ചതെട്ടന്റെ അന്നത്തെ   അവസാന വലയും വാക്കും ...അന്നത്തെ തിരിച്ചു വരവില്‍  ഒപ്പം പോയവരെല്ലാം  കൂടെ പറഞ്ഞു ചാതെട്ടന്റെ കൂടെ കൂടിയതാണത്രെ ഭഗവതി ..അന്നുമുതല്‍  വെറും ചാത്തന്‍ "ഭഗോതി ചാത്തന്നായി "
 

4 അഭിപ്രായങ്ങൾ: