2013, മേയ് 15, ബുധനാഴ്‌ച

"പൂക്കാക്ക"

            അബൂബക്കർ  എന്ന പോക്കർക്ക, ഞങ്ങൾ സഹമുറിയൻ മാർക്കൊക്കെ  "പൂക്കാക്ക" ആണ്. അക്കഥ ഇങ്ങനെ.....
            രണ്ടു രണ്ടര കൊല്ലം പോക്കർക്കയുടെ സഹമുറിയൻ ആയ സമയത്തൊക്കെ പൊക്കർക്ക ഒരു പ്രസ്ഥാനം ആയിരുന്നു.തിരിയുന്ന കസാലയും എ സിയും പ്രതീക്ഷിച്ചു ഗൾഫിൽ വന്നപ്പോൾ ആദ്യമായി കണ്ട മുഖങ്ങളിൽ ഒന്നാണ് പൊക്കർക്ക. ആറടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള പൊക്കർക്ക ഒരു ഷെയ്കിന്റെ ഇടം കൈയാണെന്നും ( ഇവിടെ  ഇടത്താണല്ലൊ പ്രധാനം), പൊക്കർക്ക മനസുവെച്ചാൽ വിസ പുല്ലുപോലെ കിട്ടുമെന്നും കേട്ടപ്പോൾ, നാട്ടിലെ പത്തു സെന്റും പണയപെടുതി, എജെന്റിന്റെ കൈയും കാലും പിടിച്ച്  വിസ വാങ്ങിയ എനിക്ക് പോക്കര്ക്ക വെറും പ്രസ്ഥാനം അല്ല  പ്ര- പ്രസ്ഥാനം ആയി തോന്നി. വെള്ളിയാഴ്ചകളിൽ മാത്രമേ പൊക്കർക്ക മുറിയിൽ ഉണ്ടാവൂ ,
 "ഷെയ്ക്ക് വിടണ്ടേ കോയാ ഇതെന്നപ്പോ ഞാ മൊകം കറുപ്പിക്കുന്നോണ്ട " എന്നും പറഞ്ഞു കയറി വരുന്ന പോക്കർക്കയെ പക്ഷെ എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ പ്രതീക്ഷിച്ചു. ഷെയ്ക്ക് തന്നു വിടുന്ന മട്ടൻ മജ്ബൂസും , ഹലീസും മൂക്ക് മുട്ടെ  തിന്നാൻ അന്ന് ഞങ്ങൾ അടുക്കളക്ക്‌ അവധിയും പ്രഖ്യാപിച്ചു. വന്നു കയറിയ പാടെ കൈയിലുള്ള ഗൾഫ്‌ മാധ്യമം മുന്നിലെ അരമതിൽ വെക്കും പിന്നെ ആരോടെന്നില്ലാതെ ഒരു പറച്ചിലും
 " വായിച്ചോ കോയാ , നാട്ടു വർത്താനം അറിയാണ്ട പോണ്ട ", 
  ഇനി അതിലെ ഓരോ വാർത്തയും രാത്രി മട്ടൻ കടിച്ചു വലിക്കുമ്പോ ചർച്ച ആകും എന്നുള്ളത് കൊണ്ട് വിശദമായി തന്നെ ഞങ്ങൾ വായിക്കുകം ചെയ്തു പോന്നു. എന്നാൽ ഒരിക്കൽ പോലും അതൊന്നു തുറന്നു നോക്കാതെ അച്ചുമാമ പിണറായി പോരിനെ പറ്റിയും, അമേരിക്കൻ ഡ്രൊണ്‍ ആക്രമണങ്ങളെ പറ്റിയും പൊക്കർക്ക ഇടമുറിയാതെ പറഞ്ഞു പറഞ്ഞു പോകുമ്പോ പൊക്കർക്കയെ പ്രോത്സാഹിപ്പിച്ചും  "ഈ മട്ടൻ മജ്ബൂസ് ഇല്ലെങ്ങിൽ ഇങ്ങളെ തൊള്ള തോറക്കാൻ വിടൂല ".. എന്ന് ഞങ്ങൾ രഹസ്യമായും പറഞ്ഞു പോന്നു.
        അങ്ങനെ ഇരിക്കുമ്പോളാണ് പോക്കര്ക്കയുടെ മൈമൂനയുടെ നിക്കാഹ് ഉറക്കുന്നത് " കോയാ ഞമ്മൾ ഈ പാടൊക്കെ പെടുന്നത് തന്നെ ഒക്ക് വേണ്ടിട്ടാ " ഒരൊറ്റ മോളാണ് മൂപ്പർക്ക്, അങ്ങനെ പൊക്കർക്ക പോകുന്ന അന്നൊരു ഞായറാഴ്ച എല്ലാവരും ചേർന്ന് ഒരഘോഷമായി പെട്ടി കെട്ടി  കഴിഞ്ഞ്  എയർ പോർട്ടിൽ വെച്ചാണ്  പോക്കർക്കയുടെ പേരിടൽ നടന്നത് ..
"അല്ല ഇക്കാക്ക ഇങ്ങള് മാർക്കറ് വാങ്ങില്യെ , പെട്ടീല് പെരെഴുതണ്ടേ?" രഘു ചോദിച്ചു 
"എന്തിന് , ഞാൻ ഇത് ഇന്നും ഇന്നലേം അല്ല കോയ പോകാൻ തോടങ്ങിയത് ..യ്യങ്ങൊട്ട്  കെട്ടിക്കോ "
"അല്ല ഇക്കാക്ക പേരില്ലാതെ, നേരിട്ടിട്ടല്ല വിമാനം ഇറക്കി കയറ്റാൻ ഉള്ളതാ "
" അതൊന്നും പ്രശ്നല്ല , യ്യ് അത് വിട്ടേക്ക്..." പൊക്കർക്ക വളരെ നിസാരമായ് പറഞ്ഞപ്പോ പിന്നെ ആരും ഒന്നും മിണ്ടിയില്ല ..പക്ഷെ എയർപോർട്ടിൽ എത്തിയപ്പോ, പറഞ്ഞു വെച്ചപോലെ മുന്നിലും പിന്നിലും വരിയിൽ നിൽക്കുന്നത് രണ്ടര കിലോയുടെ നിഡോ പെട്ടി തന്നെ .... 
"അപ്പോളെ പണി പാളിയല്ലോ ഇക്കാക്ക , ഇനിയിപ്പോ എഴുതല്ലേ..." രഘു മാർക്കെർ എടുത്ത് വലുതാക്കി എഴുതി "അബൂബകർ, കോഴിക്കോട് " പോരെ?
പോക്കർക്കയുടെ മുഖം തെളിയുന്നില്ല...ഇനിയെന്താ ?
"ന്നായൊരു കാര്യം കൂടെ ചെയ്യ്‌ ഒരു   പൂ  കൂടെ വരച്ചോ എന്നാ പിന്നെ എനിക്ക് നോക്കി എടുക്കാലോ "..അവസാനം പോക്കര്ക്ക പറഞ്ഞത് കേട്ട്,പൂ നോക്കി പെട്ടി നോക്കുന്ന പോക്കർക്കയുടെ സാക്ഷരതയുടെ മുന്നില്  വായും പൊളിച്ചു നിന്ന് പോയത് ഞാൻ മാത്രം അല്ലായിരുന്നു ...അപ്പൊ മാധ്യമം പേപ്പർ? 
"അപ്പൊ പോവല്ലേ പൂക്കാക്ക ?" തുറന്ന വായ അടച്ചു പൂ വരച്ചു കഴിഞു രഘു ചോദിച്ചത് അങ്ങനെ ആയിരുന്നു അതിൽ പിന്നെ പൊക്കർക്ക എന്നാരും മൂപ്പരെ വിളിച്ചിട്ടില്ല ...ഞമ്മളെ ഷെയ്ക്കിന്റെ പൂക്കാക്ക ....!!

1 അഭിപ്രായം: