2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

"നായരേട്ടൻ"

"പോയിട്ടോ"

രാവിലെ ഒരു നാല് നാലര ആയി കാണും, മൂടി പുതച്ച പുതപ്പു വലിച്ചു മാറ്റി അമ്മ പറയുന്നത് കേട്ടാണ് ഉണർന്നത്..

"പോയിലേ,ഉം...."

ഞാൻ തിരിച്ച് പുതപ്പിനുള്ളിലേക്കും അമ്മ തിരിച്ച് അടുക്കളയിലേക്കും പോയി...
ഒരു പത്തു മിനിട്ടു കഴിഞ്ഞാണ് കത്തിയത്
ആര് പോയി, എന്ത് പോയി?
അമ്മയുടെ മുഖഭാവം കണ്ടാൽ എന്ത് ഏത് എന്ന് പെട്ടെന്ന് ഒരു ഐഡിയയും കിട്ടില്ല.

സ്വന്തം കോഴിയെ കുറുക്കൻ പിടിച്ചപ്പോ,അച്ഛമ്മ മരിച്ചതിനെക്കാൾ കൂടുതൽ നെഞ്ചത്തടിച്ച് , ശ്വാസ കോശം സ്പോഞ്ചുപോലെ ആക്കിയ ആളാ.

ഇതിപ്പോ ഏതു ലൈനിൽ വരും?

" ങ്ങളെന്താ പറഞ്ഞത്?"

" മ്പള, നാരാനേട്ടൻ പോയി,അച്ഛച്ചൻ അങ്ങട് പോയിക്കിന്, യ്യ്യ് വേം ഒന്ന് പോയി പോര്"

നാരായണെട്ടൻ...പോയി
രാവിലെ നടക്കാൻ പോയ ലാഘവത്തിൽ ആണ് അമ്മ പറഞ്ഞു നിർത്തിയത്.

പാവം ഒന്ന് രണ്ടു ആഴ്ച ശരിക്കും അനുഭവിച്ചു..ഞെട്ടാനൊന്നും ഇല്ലായിരുന്നു നന്നായി എന്നെ തോന്നിയുള്ളൂ.

കിടന്ന കിടപ്പിൽ കൈ എത്തിച്ചു ഫോൺ എടുത്തു...

വാട്ട്സ്ആപ്പ് ഇൻബോസ് നിറഞ്ഞു കവിഞ്ഞു ഒന്ന് രണ്ടു മെസ്സേജ് മേശപ്പുറത്തു എത്തിയിട്ടുണ്ട്..

നാട്ടിലെ ലോക്കൽ ഗ്രൂപ്പ് മുതൽ ഒബാമയുടെ ഇന്റർനാഷണൽ ഗ്രൂപ് വരെ ഉണ്ട്...

"ദിവംഗതനായി"
നാരായണേട്ടന്റെ ഒരു ഫോട്ടോക്ക് താഴെ ഷുക്കൂറിന്റെ കമന്റ്..അസൂയ തോന്നി ഇവൻ ഇത്ര രാവിലെ തന്നെ ഇതൊക്കെ എവിടുന്നു ഒപ്പിച്ചു...

ഒരു കരഞ്ഞു കൊണ്ടിരിക്കുന്ന സ്മൈലി അങ്ങ് പോസ്റ്റ് ചെയ്തു...

" വടിയായി" ഷുക്കൂറിന്റെ വക പേർസണൽ മെസ്സേജ്....കൊള്ളാം

" അങ്ങനെ മൂപ്പർ മൂക്കിൽ പഞ്ഞി വെച്ചു"
"നായരേട്ടൻ സ്കൂട്ട് ആയി"
" പുകയായി"
"കട്ടേം പടോം മടങ്ങി"
" ആ നക്ഷത്രം പൊലിഞ്ഞു"
" നിര്യാതനായി"
"അന്തരിച്ചു"

ഗ്രൂപ്പുകൾക്ക് അനുസരിച്ച് ശൈലികൾ മാറി കൊണ്ടേ ഇരിക്കുന്നു...

"നാടിന്റെ തീരാ നഷ്ടം .."എന്ന് തുടങ്ങുന്ന
പഞ്ചായത്ത് മെമ്പർ സുഗണേട്ടന്റെ പോസ്റ്റ് വായിച്ചപ്പോ മരിച്ചത് നാരായണേട്ടൻ തന്നെ അല്ലെ എന്നൊരു ഡൌട്ട്...

ഓരോ തലമുറ മരിക്കുമ്പോളും നാട്ടിലെ ഓരോ നന്മകളാണ് മരിക്കുന്നത്..ഏതോ ഒരു പാക്കറ്റിന് പുറത്ത്
" കോളേസ്ട്രോൾ ഫ്രീ"
എന്ന് എഴുതിയത് കണ്ട്, ഫ്രീ കിട്ടിയില്ല എന്ന് പറഞ്ഞ് സാധനം തിരിച്ചു കൊടുത്ത ഒരു കഥ തന്നെ ഉണ്ട് നാരായനണേട്ടന്റെ പേരിൽ..

പെട്ടെന്ന് പല്ലു തേച്ചു വലിഞ്ഞു നടന്നു..

മൂപ്പർ മരിച്ചു കിടക്കുന്ന ഒരു നല്ല ഫോട്ടോ കിട്ടിയില്ലെങ്കിൽ അനുശോചനം പോസ്റ്റ് ചെയ്യാൻ ഒരു വെറൈറ്റി കിട്ടില്ല..ഇനിയിപ്പോ അതിനൊരു ക്യാപ്ഷനും വേണം..ഒരു വെറൈറ്റി..കിടു സാധനം...

1 അഭിപ്രായം:

  1. പുള്ളിക്ക് വിസ വന്നു എന്ന് ഒരു ശൈലിയുണ്ടാരുന്നു പണ്ട്. ഇപ്പഴും ഉണ്ടോ എന്തോ!!

    മറുപടിഇല്ലാതാക്കൂ