2016, ഫെബ്രുവരി 20, ശനിയാഴ്‌ച

" ഭഗോതി ചാത്തന്‍ - 2 "

       കിഴക്കേ കാവില്‍ "കൌസല്യ സുപ്രജ രാമ..."  കേള്‍ക്കുമ്പോളെക്കും ചാത്തെട്ടന്‍ എഴുനേല്‍ക്കും, ഭഗോതി ചാത്തന്‍ എന്ന് പറഞ്ഞാലേ ഞങ്ങള്‍ നാട്ടുകാര്‍ക്ക് ആളെ പിടി കിട്ടു... വാസ്വേട്ടന്റെ തൊടിയില്‍ നിന്ന് ഒരു മാവിലയും പൊട്ടിച്ചു അത് കൊണ്ട് പല്ലും തേച്ചുള്ള നടപ്പ് നില്‍ക്കുക തോമേട്ടന്റെ ചായക്കടയിലാണ്. ഇപ്പോളത്തെ ന്യൂ ജെന്‍ വരുന്നതിനു  മുന്‍പുള്ള മുട്ടുവരെ എത്തുന്ന ട്രൌസര്‍ മടക്കി കുത്തിയ മുണ്ടിനു കീഴെ കാണാം..
 “ ആയ കാലത്തെ ഗഡിആണ് മോനെ മൂപ്പര്‍ ”. 
തോമേട്ടന്‍ പറയാന്‍ തുടങ്ങിയാല്‍ ചത്തെട്ടന്റെ അച്ഛന്റെ അച്ഛന്റെ തലമുറ മുതല്‍ തുടങ്ങും, ചിലപ്പോളൊക്കെ ഗണേഷ് ബീഡിയും വലിച്ച് ചാത്തെട്ടനുംഅത് ആസ്വദിക്കും ...
“ ഡാ ഇന്നലെ മുതല്‍ ആ ചെക്കന്‍ നിന്നെ തെരഞ്ഞ് നടക്കുന്നുണ്ട് “
ചാത്തെട്ടന്‍ ചോദ്യ ഭാവത്തില്‍ മുഖം ഉയര്‍ത്തി
“ ആ വാവേട്ടന്റെ വീട്ടിലെ ..”
വാവേട്ടന്‍ മരിച്ചിട്ട് കൊല്ലം നാല് ആയി , പ്രായമായ ഭാര്യ മാത്രമേ ഉള്ളു. ആദ്യത്തെ ഭാര്യ മരിച്ച് ഒരു പാട് കാലം കഴിഞ്ഞാണ് വാവേട്ടൻ പിന്നെ ഒരു കല്യാണം കഴിച്ചത് ,   കുട്ടികളും ഇല്ല . നാട്ടിലെ പഴയ ഒരു പ്രമാണി ആയിരുന്നു വവേട്ടന്‍..  ഒരുപാട് സ്ഥലവും നടുക്കൊരു പഴയ വീടും.  ഒറ്റയ്ക്ക് ആയതില്‍  പിന്നെ  അവരുടെ ആങ്ങളയുടെ മോനെ കൊണ്ട് നിര്ത്തിയിരിക്കുക ആണ് ഒരു സഹായത്തിന്, ഈ പറഞ്ഞ ചെക്കന്‍, ശരത്.
“ യ്യോന്ന്‍ പോയി നോക്ക്, തേങ്ങ ഒക്കെ കെന്റ്റിലേക്ക് വീഴുന്നോലെ, യ്യോന്ന്‍ പോയോക്ക്"
തേങ്ങ ഉണങ്ങി കിണറിലേക്ക് വീഴുന്നു ഇതാണ് പ്രശ്നം...
സാധാരണ ഗതിയില്‍ ചത്തെട്ടനെ ഒരു ദിവസം  പണിക്ക് കിട്ടണം എങ്കില്‍ ഒരാഴ്ച മുന്നേ ഉറപ്പിക്കണം അത് വേണ്ടാത്ത രണ്ടു പേരെ നാട്ടിൽ  ഉള്ളു വവേട്ടനും പിന്നെ മേനോക്കിയും 
"പഴയ തമ്പുരാന്‍ ഹാങ്ങ്‌ ഓവര്‍..." രണ്ടാഴ്ച നടന്നിട്ടും ചത്തെട്ടനെ കിട്ടാത്ത സഖാവ് കുട്ടേട്ടന്‍ ഒരിക്കല്‍ പറഞ്ഞതാ...
" ഞങ്ങളൊക്കെ കൊടി പിടിച്ചു സമരം നടത്തി ഒരു നിലയിൽ ആക്കിയപ്പോ, ഇപ്പൊ തന്നെ ഇങ്ങനെ ഇനി നാളെ എന്താവും..."

കുടിച്ച ചായ പകുതിയില്‍ നിര്‍ത്തി ചാത്തെട്ടന്‍ എഴുനേറ്റു 
"ന്നാ പ്പത്തന്നെ പോയേക്കാം ല്ലേ, കുത്തിക്കോ" 

കുത്തിക്കോ എന്ന് പറഞ്ഞാല്‍ പറ്റു പുസ്തകത്തില്‍ എഴുതിക്കോ ...കിട്ടിയാൽ കിട്ടി പോയാ പോയി..
" പഴയ പോലെ ആകേണ്ട" പോകുന്ന പോക്കിൽ തോമേട്ടൻ കളിയാക്കി..

"അതെന്താ കഥ ?"

" അനക്കറിയൂലെ, പണ്ട് മൂപ്പര് ഇങ്ങനെ വാവേട്ടന്റെ വീട്ടിൽ പോയതാ..." 
കഴുകി കൊണ്ടിരുന്ന ഗ്ലാസ് മേശയിൽ വെച്ച് മുണ്ടിൽ കൈ തുടച്ചു തോമേട്ടൻ തുടങ്ങി

"കെന്റിൽ തേങ്ങ വീണിറ്റാ മൂപ്പരെ വിളിച്ചത് കൊല അടക്കം കെന്റിലിട്ട്ട്ടാ മൂപ്പർ പോന്നത്, അയിന്റെ ആഴം കണ്ടിട്ടില്ലേ പിന്നെ ശശി എറങ്ങീട്ടാ എടുത്തത്..."

" പിന്നെ അടുത്തത്, നായ് കൂടിന്റെ മേലെ തേങ്ങ വീണു ഓട് പൊട്ടുന്നു എന്ന് പറഞ്ഞു വിളിച്ചതാ അന്ന് കൂട് മുഴുവൻ തേങ്ങ ഇട്ട് പൊളിച്ചിട്ടാണ് മൂപ്പര് വന്നത്.., ഇന്നിനി എന്താണാവോ, അല്ലെങ്കിലേ മൂപത്യാർക്ക് വയ്യ ..."

അന്ന് വൈകുന്നേരം ശരത് വന്നത് ദാസേട്ടനെ ചോദിച്ചാണ് ..പ്ലംബർ ആണ് ദാസേട്ടൻ..

" എന്താ മോനെ ഇന്ന് ശശിനെ വേണ്ടേ?, അല്ല ചാത്തു വന്നതോണ്ടു ചോദിച്ചതാ.."

" ഇന്ന് നല്ല ദിവസം ആയിരുന്നു..തേങ്ങ മുഴുവൻ ഇട്ടു, കിണറിൽ വീണില്ല, ഓട് പൊട്ടിയില്ല... ആദ്യമായിട്ടാ ഇങ്ങനെ..."
 
"ന്ന് ട്ട് മൂപ്പരെ കണ്ടില്ലലോ"

" കാണൂല, ഇന്നത്തെ സന്തോഷത്തിന് വയ്യാത്ത കാലും വെച്ച് അമ്മായി കട്ടാൻ ചായ വരെ ഇട്ടു കൊടുത്തു ..അതും കുടിച്ചു പോണ പോക്കിൽ, തൊടിയിൽ കുറെ കരിയില ഒക്കെ ഉണ്ടായിരുന്നു...
രണ്ടു ദിവസം ആയി പുറം പണിക്ക് ആളില്ല..
മൂപ്പർ ചൂലെടുത്തു ഒക്കെ അടിച്ചു വാരി, അമ്മായി വേണ്ട വേണ്ട എന്ന് കുറെ പറഞ്ഞു പോലും ..ആരു കേൾക്കാൻ"

"അതിനെന്താ , അതൊക്കെ ഓൻ കണ്ടറിഞ്ഞു ചെയ്യും.."

" ഇങ്ങള്  തോക്കിൽ കയറാതെ, മുഴുവൻ കേക്ക്, അത് മുഴുവൻ അടിച്ചു കൂട്ടി, ഒരു ബീഡിയും കത്തിച്ച്  രണ്ടു വലിയും വലിച്ച് കരിയില ക്ക് തീയും കൊടുത്തു പോയ പോക്കാ.. ഇങ്ങള് ശശിനെ കണ്ടോ.."

" അപ്പം ഇന്നൊരു ഉപകാരത്തിൽ ആയി അല്ലെ?
അക്ഷമനായി  സൈക്കിൾ പിടിച്ചു നിന്ന ശരത് രൂക്ഷമായി തോമേട്ടനെ നോക്കി

" ന്റെ തോമേട്ടാ അതിനെ അടിക്കൂടെ ആയിരുന്നു വെള്ളത്തിന്റെ പൈപ്പ് പോയത്...പി വി സി..അത് മുഴുവൻ ഉരുകി ഇപ്പം തൊടി ഏതാ കുളം ഏതാ എന്നറിയാതെ ആയി, മൂപ്പര് വന്നാ തോണിയുമായി വീട്ടിലേക്ക് വരാൻ അമ്മായി പറഞ്ഞെന്നു പറഞ്ഞേക്ക്.."

 " ന്റെ ഭഗവതി..."

തോമേട്ടന്റെ ചായക്കടയുടെ പിന്നിൽ നിന്ന് ഒരു നെഞ്ചത്തടിയും ആരോ മറിഞ്ഞു വീഴുന്ന ഒച്ചയും...അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ