2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മൊട്ട ബസാര്‍

                     മാടത്തറ, മൊട്ട ബാസാർ  ആകാൻ  വളരെ എളുപ്പമായിരുന്നു. ഏകദേശം ഒരാഴ്ച അതിനുള്ളിൽ  തന്നെ ലീല ബസ്സിന്റെ മുന്നിൽ  ആ ബോര്‍ഡ്‌ വന്നിരുന്നു..ലാസ്റ്റ് സ്റ്റോപ്പ്‌ മാടത്തറ ആയിരുന്നത് മാത്രമല്ല കാരണം  , ഞങ്ങളുടെ നാട്ടുകാരന്‍ ഷുക്കൂർ , ബാർബർ  ഗോപാലേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍
 " ഹറാം പെറന്ന കൊയെന്റെ ചെക്കൻ  ഷുക്കൂര്‍ " അതിന്റെ " കിളി " ആയത് കൊണ്ടും ആ പേര് കയറി അങ്ങ് ഹിറ്റായി.
                    പക്ഷെ തിരിച്ച് "മാടത്തറ" യിലേക്ക് ഒരു തിരിച്ചു പോക്ക് ഇന്നു വരെ ഉണ്ടായില്ല... അതിനു വേണ്ടി ഗോപാലേട്ടന്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി  " സ്വരരാഗം " വായനശാലയുടെ   വാർഷികം  ആഘോഷിച്ചിട്ട് പോലും ആ പേരവിടെ പതിഞ്ഞു പോയി ..അവസാനം  വാർഷികം കഴിഞ്ഞു ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ബില്ല് കിട്ടിയത് പോലും "മൊട്ട ബസാർ  എന്ന വിലാസത്തില്‍ ആയിരുന്നു !.
                   എന്നാലും ഇടക്കും തലക്കും ഗോപാലേട്ടൻ  ആകും പോലെ ശ്രമിച്ചു പോന്നു ..അവസാനം അതെത്തിയത്, നാട്ടിലൊരു കൂട്ടത്തല്ലിലായിരുന്നു. ഒരു വശത്ത് ബീപ്പ കുട്ടേട്ടനും കൂട്ടരും മറു വശത്ത് കള്ളു ഷോപ്പ് നടത്തുന്ന ചന്ദ്രേട്ടനും കൂട്ടരും , കുട്ടേട്ടന്  കള്ള് കടം കിട്ടാത്ത ദേഷ്യം മൊട്ട ബസാറിന്റെ പേരില്‍ ഒന്ന്‍ കത്തിച്ചു വിട്ടത് ഗോപലെട്ടനാണ്. ദിവസം നാല് ട്രിപ്പ് വരുന്ന ലീല ബസിന്റെ അവസാനത്തെ സ്റ്റോപ്പ്‌ ബാര്‍ബര്‍ ഷോപ്പിന്റെ മുന്നിലാണ് ..വെള്ള ബോര്‍ഡില്‍ ചുവപ്പ് നിറത്തില്‍ മൊട്ട ബസ്സാര്‍ , കുട്ടേട്ടനെ കത്തിച്ചു വിടുമ്പോള്‍ അതില്‍   വീണ്ടും മാടത്തറ വരുന്നതും സ്വപ്നം കണ്ടാണ്‌ ഗോപാലേട്ടന്‍ കട അടച്ചത്, അപ്പോൾ മൂപ്പരുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.
                 വാര്‍ഷിക ആഘോഷത്തിന്റെ മൈക്ക് അനൌന്‍സ്മെന്റില്‍ "മാടത്തറ" തന്നെ വേണം എന്ന് കള്ള് കുടിച്ച് ഇരിക്കുമ്പോളാണ് ബീപ്പ കുട്ടേട്ടന്‍ ബോധോദയം വന്നത് , പക്ഷെ കുടിച്ച കള്ള് കടമാണ് എന്ന് ചന്ദ്രേട്ടന്‍ അറിഞ്ഞപ്പോ "മൊട്ടബസാര്‍" തന്നെ മതി എന്ന് മൂപ്പരങ്ങു തീരുമാനിച്ചു. പിന്നെ നടന്നത് കൂട്ടതല്ലാണ്.മാനത്തെ ചന്ദ്രനെ നോക്കി പാട്ടും പാടി നടന്ന ചത്തെട്ടന്‍ ആദ്യമായി ആശുപത്രിയില്‍ ആയത് അന്നാണ്.
                 അന്ന് പോലീസ് സ്റെഷനില്‍ കയറിയ കുട്ടേട്ടനും ചന്ദ്രേട്ടനും പിന്നെ ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വന്നത് ലീല ബസില്‍ ആയിരുന്നു ടിക്കറ്റ്‌ എടുത്ത് കുട്ടേട്ടനും " രണ്ടു മൊട്ട ബസാര്‍ "...
              വിവരം അറിഞ്ഞ ഗോപാലേട്ടന്‍ സ്വയം ആശ്വസിച്ചു ..ബീപ്പ കാര്യം പറഞ്ഞ സമയം തെറ്റി പോയതാ , കുടിച്ച പൈസ കൊടുത്തിട്ട് ആണെങ്ങില്‍ ചന്ദ്രനും കൂടെ നിന്നേനെ...ഇതിപ്പോ പോലീസ് സ്റെഷനില്‍ വരെ മോട്ടബസ്സാര്‍ ആയി...കലികാലം ..

1 അഭിപ്രായം: