2013, മേയ് 20, തിങ്കളാഴ്‌ച

"മാടത്തറ" - അഥവാ "മൊട്ട ബസാർ"


            "മാടത്തറ" - അഥവാ  "മൊട്ട ബസാർ" ഇതിലേതാണ്‌  നാടിന്റെ പേര് എന്ന് ചോദിച്ചാൽ ഞങ്ങൾ പെട്ടെന്ന് പറയും "മൊട്ട ബസാർ"  എന്ന്. പക്ഷെ പാലത്തിന്റെ മുകളിലെ മാഞ്ഞു തുടങ്ങിയ മഞ്ഞ ബോർഡിൽ, ആദ്യമായി വരുന്ന ഒരാൾ  ഇപ്പോ "ത്തറ " എന്ന് മാത്രമേ കാണു , സൂക്ഷിച്ചു നോക്കിയാൽ മാത്രമേ "മാടത്തറ" ,മുഴുവനായി തെളിയൂ .
            ഗോപാലേട്ടന്റെ ഒരു "നന്ദിനിസ്  ഹെയർ ഡ്രെസേർസ് " ആണ് മാടത്ത റയിൽ ബസിറങ്ങിയാൽ ആദ്യം കാണുന്നത് , മുടി വെട്ടുന്ന കടക്ക് എന്തിനാ പെണ്‍ പേര് എന്ന് ചോദിച്ചാൽ ഉത്തരം ന്യായം ആണ് " ഞാൻ മുടി മുറിച്ചാൽ പിന്നെ പെണ്ണുങ്ങളെ പോലെ മുടി  തഴച്ചു വളരും കഷണ്ടി വരൂല്ല മോനെ "   പണ്ടെങ്ങോ തെക്കുനിന്നു കുടിയേറിയ ഗോപാലേട്ടനെ നീട്ടിയും കുറുക്കിയും ഉള്ള പറച്ചിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ്.
              പക്ഷെ പറയുന്ന അങ്ങേരുടെ തലയിൽ സെക്കന്റ്‌ ഷോ കാണാൻ ആള് കയറിയ പോലെ ആണ്   മുടി  ഇടക്കൊകെ ഒന്നോ രണ്ടോ കാണാം , അതിന്റെ കാരണവും ന്യായം തന്നെ
 "  വെട്ടുന്നോരുക്കും വെണഡോ  ഒരു കൈപുണ്യക്കോ,ആ കൊയാന്റെ  കടെന്നല്യെനൊ ഞാൻ വെട്യേത് അതിന്റ്യവും "
 ഞങ്ങൾ ഒരു തലമുറ മുഴുവൻ ഗോപാലേട്ടനെ ഇങ്ങനെയേ കണ്ടിട്ടുള്ളൂ "നാല്പതുകളിലായിരിക്കും അല്ലെ ഗോപാലേട്ടാ, അവസാനം വെട്ടിയത്  ..?"
എന്ന് ചോദിച്ചാൽ  
"അല്ലെടോ , ഈക്കഴിഞ്ഞ കൊല്ലം "എന്നുള്ള ഉത്തരവും ഞങളുടെ തലമുറക്ക് മനപാഠം ആണ് ,  പിന്നെ ചുറ്റും നോക്കി അങ്ങാടിയിൽ മുടിവെട്ടുകാരൻ കൊയാക്കന്റെ മോള് മൈമൂന കഴിഞ്ഞ കൊല്ലം കൊച്ചിക്ക്‌ ടൂര് പോയ കാര്യം തുടങ്ങി കഴിഞ്ഞ ആഴ്ച്ച നൗഫലിന്റെ ഓട്ടോയിൽ കയറിയ കാര്യം വരെ പറഞ്ഞു കഴിഞ്ഞു ഒരു നെടുവീർപ്പും ഇട്ടിട്ടേ  മൂപ്പർ  കത്തിയും കത്രികയും എടുക്കു ..
" ഞാൻ പിന്നെ ഇതൊന്നും ആരോടും പറയാൻ നില്ക്കാറില്ല , ഒരു പെണ്ണിന്റെ കാര്യല്ലേ " ഇത്രയും കൂടെ പറയാനുള്ള മാന്യത പക്ഷെ അങ്ങേരു കാണിക്കും,ഇങ്ങനെ ഒക്കെ ആണെങ്കിലും  കോയാക്ക ഒഴികെ  ഒന്നോ രണ്ടോ പഞ്ചായത്ത്‌ അപ്പുറത്ത് ഉള്ളവർ മാത്രമേ ഇക്കഥ ഇനി അറിയാനുള്ളൂ എന്നുള്ളതാണ് സത്യം  .
           മാടത്തറ എന്നുള്ള പേര് പതിയെ പതിയെ മൊട്ട ബസാർ എന്നായി തുടങ്ങിയത് ഗോപാലേട്ടന്റെ മുടി പോയി തുടങ്ങിയതിനു അനുസരിച്ചായിരുന്നു , അങ്ങാടി പോകുന്നു എന്നുള്ളത് ഗോപലെന്റെ പീട്യേലെക്ക്  എന്നും " എങ്ങൊട്ട്..?"  എന്ന് പിന്നെയും  ചോദിച്ചാൽ  മൊട്ട ഗോപാലേട്ടന്റെ അങ്ങൊട്ട്  എന്നും പറയുന്നത് പതിയെ പതിയെ മൊട്ട ബസാർ  എന്നായി. ഗോപാലേട്ടന്റെ വീട്ടുകാർ ഒഴികെ ബാക്കി എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും ആ പേര് തന്നെ ഉപയോഗിച്ചു പോന്നു .എന്നാലും മൊട്ട ബസാർ  എന്ന പേര് ഞങ്ങൾ ഔദ്യോഗികമാക്കിയത് അതിനു ശേഷം ആയിരുന്നു ..
           ആയിടക്കാണ്‌, ഗൾഫ്‌ ഗേറ്റ്, കഷണ്ടിക്കാരെ തുടച്ചു നീക്കാൻ ഇറങ്ങിയത്. 
"ഗോപാലാ , യ്യതൊന്നു  വാങ്ങി വെച്ചോ എന്നാപിന്നെ ഈ മൊട്ട എന്ന വിളി അങ്ങ് കുറയല്ലോ " എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയേട്ടൻ പറഞ്ഞപ്പോ  അൻപതാം വയസിലും ഗോപാലെടന്റെ മനസ്സിൽ ലഡ്ഡു  പൊട്ടി.
" അല്ലെങ്കിലും മാടത്തറ  എന്ന നല്ലൊരു പേരുണ്ടായിട്ട് .."ബാക്കി പറയാൻ വന്നത് ഗോപലെട്ടാൻ വിഴുങ്ങി 
        പുതിയ വിഗ്ഗും വെച്ച് വന്ന ഗോപാലേട്ടൻ ഒരു കാഴ്ച തന്നെ ആയിരുന്നു , ആദ്യ ദിവസം ഒരുപാട് പേർ ഗോപാലേട്ടനെ തിരിച്ചറിഞ്ഞില്ല എന്നത് തന്നെ മൂപ്പര്ക്ക് ഒരു ഹരം ആയി, അത് കൊണ്ട് തന്നെ ആണ് അന്ന് തന്നെ ടൌണിൽ പോയി പുതിയ കസേര വാങ്ങാം എന്ന് തീരുമാനിച്ചതും 
"നന്നായി , എല്ലാം ഒന്ന് ഉഷാറാവട്ടെ "എന്ന്  ലീല ബസ്സിലെ കണ്ടക്ടർ സണ്ണിയും പറഞ്ഞു,നാഴികക്ക് നാല്പതു വട്ടം "മൊട്ട ബസ്സാർ  എന്ന് വിളിക്കുന്ന പഹയനാ...
        അങ്ങനെ തല നിറയെ മുടിയുമായി   പുതിയ കസാലയും വാങ്ങി ഒരു പെട്ടി ഓട്ടോയുടെ മുകളിൽ കയറ്റി ഗോപാലേട്ടൻ പറഞ്ഞു 
"പോട്ടെ മോനെ മാടത്തറക്ക് " 
പുതിയ പയ്യൻ ഗോപാലേട്ടനെ ചോദ്യഭാവത്തിൽ നോക്കി 
"എങ്ങൊട്ട്? അതെവിട്യാ ?"
ഗോപാലേട്ടൻ വിശദമായി പറഞ്ഞു .." ...എന്നിട്ട് വലത്തോട്ട് തിരിഞ്ഞു , പാലം കഴിഞ്ഞാൽ...." ഇങ്ങനെ ഒരു രണ്ടു മൂന്നു വട്ടം ആയപ്പോ പയ്യൻ കണ്ണ് മിഴിച്ചു ..പിന്നെ നിരത്തിന്റെ അപ്പുറം ഉള്ള ഓട്ടോക്കാരോട്‌ ഗോപാലേട്ടൻ പറഞ്ഞതൊക്കെ ആവർത്തിച്ചു ...
"ദെവിട്യ  ഇക്ക മൂപ്പരു പറയുന്ന സ്ഥലം ...?"
പുതിയ വിഗ്ഗും വച്ചിരുന്ന ഗോപാലേട്ടനെ മനസിലാവാഞ്ഞിട്ടോ എന്തോ കാക്കി ഷർട്ട്‌ ഒന്ന് നേരെ പിടിച്ചു നൌഫൽ സ്വതസിദ്ധമായ ഒച്ചയിൽ പറഞ്ഞു 
"മൊട്ട ബസാരെടോ "..
"ന്നാ പിന്നെ അത് പറഞ്ഞാ പൊരെസ്റ്റാ " എന്നും പറഞ്ഞു കഴിഞ്ഞപ്പോളാണ് പയ്യൻ ആളെ ശരിക്കും നോക്കിയത് ...
നാലു  മണിക്ക് അങ്ങാടിയുടെ നടുവിൽ നിന്ന് ഗോപാലേട്ടൻ വിയർത്ത പോലെ ആരും വിയർത്തു കാണില്ല എന്നും പറഞ്ഞ്  സണ്ണിയും നൌഫലും അതിനു ഒരു നൂറു കോപ്പി പ്രചാരവും കൊടുത്തു ..അതിനു ശേഷമാണ്  "മാടത്തറ"എന്നതിനേക്കാൾ വലിപ്പത്തിൽ  "മൊട്ട ബസാർ"  എന്ന ബോർഡ്‌  ലീല ബസ്സിന്റെ മുന്നിൽ വന്നത് ..... 
   

1 അഭിപ്രായം:

  1. മൊട്ട ബസാറില്‍ വന്നൊന്ന് മുടി വെട്ടീരുന്നെങ്കില്‍ എനിയ്ക്കീ ഗതി വരുമാരുന്നോ...??

    മറുപടിഇല്ലാതാക്കൂ